1/06/2012

നിറംമങ്ങാത്ത കാഴ്ചകള്‍

രാജമല്ലിപ്പൂ
രാജമല്ലിപ്പൂവ്
രാജമല്ലി
മന്ദാരം
ചെമ്പകം

മന്ദാരം
കൊങ്ങിണിപ്പൂവ്
കൊങ്ങിണിപ്പൂവ്
ആ.... ?

കൊങ്ങിണിപ്പൂവ്

ചെമ്പകപ്പൂവ്

1/05/2012

കണ്ടതും കേട്ടതും !!!

സമോവറ് നിറയോലോ !

കൊറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഞങ്ങളുടെ ഗ്രാമം. ഇവിടത്തെ ചായക്കടയില്‍ ഒരു പ്രത്യേകതയുണ്ട്. അതിന്റെ പരിസരത്തുള്ള സീനിയര്‍ സിറ്റിസന്‍സ് ചേട്ടന്മാരൊക്കെ എന്നും രാവിലെ ഒത്തുകൂടുന്ന ഒരു സ്ഥലമാണു അത്. അത്രവലിയ ഗറ്റപ്പ് ഒന്നും ഉള്ള കടയൊന്നും ആയിരിക്കില്ല. ആ കടയ്ക്കകത്ത് രണ്ടു ബഞ്ചും രണ്ടു മേശയും പിന്നെ ചില്ലിട്ട ഒരു അലമാരയും കാണും. ഈ അലമാരയുടെ ഏറ്റവും മുകളിലെ തട്ടില്‍ എക്സ്പയറി കഴിഞ്ഞ സാധനങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും. പിന്നെ അടുക്കളയില്‍ ഒരു സമോവറും (പണ്ടൊക്കെ ചായയ്ക്കുള്ള വെള്ളം ഫുള്‍ടൈം തിളച്ച് കിടക്കാന്‍ ഇതിലൊഴിച്ചാ വച്ചേക്കാറ്. വിറകൊന്നും കത്തിക്കണ്ട. കനലുകല്‍ ഇതിന്റെ ഉള്ളിലൂടെ തന്നെ ഇടാം. ആ ചൂടില്‍ ഈ വെള്ളവും പാലാണെങ്കില്‍ അതും ചൂടായി തന്നെ ഇരുന്നോളും) ഉണ്ടാവും. എന്തെങ്കിലും ഒന്നോ രണ്ടൊ ഐറ്റവും അലമാരിയില്‍ കാണും.കൂടാതെ കടയുടെ മുതലാളിയായും തൊഴിലാളിയായും കൂടിവന്നാല്‍ രണ്ടു ആളുകളും. ഒരു ബെഞ്ച് ചായക്കടയുടെ മുന്‍പില്‍ ഇട്ടിട്ടുണ്ടാവും. രാവിലെ തന്നെ പത്രം എത്തിയാല്‍ അതിന്റെ പേജുകള്‍ നാലും നാലുവഴിക്കായിരിക്കും. ഓരോരുത്തരും കിട്ടിയ കഷണങ്ങള്‍ തപ്പിപ്പെറുക്കി വായിക്കുന്നുണ്ടാവും. ചിലര്‍ ഉറക്കെ വായിക്കും. അത് കേട്ടുകൊണ്ട് ഒന്നു രണ്ടുപേരു അടുത്തുകാണും. പിന്നെ കൂലംകഷമായ ചര്‍ച്ചയും. 6 മണീയ്ക്ക് ചായക്കടയില്‍ വരുന്ന ഇവര്‍ ഒരു എട്ടരവരെയൊക്കെ അവിടെ കാണും. ഇത്രയും സമയത്തിനുള്ളീല്‍ ആകെ ഒരു ചായമാത്രെ കുടിച്ചിട്ടുണ്ടാകൊള്ളു. കൃത്യമായി കാശുകൊടുക്കുന്നവരും സ്ഥിരം പറ്റുകാരും ഒക്കെ ഈ കൂട്ടത്തില്‍ ഉണ്ട്. എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ഈ കടനടത്തുന്നവര്‍ക്ക് ലാഭമൊന്നും വേണ്ടേ എന്ന് ? വലിയ തിരക്കൊന്നും കാണാറില്ല. എല്ലാവരോടും സൌമ്യമായി സംസാരിച്ചുകൊണ്ട് ശാന്തമായി അവര്‍ ആ സ്ഥാപനം നടത്തുന്നു. ഇതാണു ഈ കഥയുടെ ലൊക്കേഷന്‍,

കാശും തരില്ലാ സമയവും മെനക്കെടുത്തുകയും ചെയ്യുന്ന രീതിയിലുള്ളവരും അവിടെ കാണും. അങ്ങനെയുള്ള ഒരാള്‍ ഇടയ്ക്ക് കടയില്‍ വരും. ഈ കടക്കാരനു അയാളു വരുന്നത് ഇഷ്ടവും അല്ല. അങ്ങേരു വരുമ്പൊ തന്നെ ചായക്കടക്കാരന്‍ ഒരു കപ്പ് വെള്ളമെടുത്ത് സമോവറിലേയ്ക്കൊഴിക്കും. ഇയാളു വന്ന ഉടനേ ചായ ചോദിക്കും. അപ്പൊ കടക്കാരന്‍ പറയും. വെള്ളം തിളച്ചിട്ടില്ല എന്ന്. പുള്ളി വെയ്റ്റ് ചെയ്യാന്‍ തയ്യാറാണ്.വെള്ളം തിളയ്ക്കുന്നതുനോക്കി ആളു വെയ്റ്റ് ചെയ്യുന്നു. ഏതാണ്ട് അത് തിളയ്ക്കുന്ന സമയം ആകുമ്പൊ കടക്കാരന്‍ പിന്നേം ഒരു കപ്പ് വെള്ളം കൊണ്ടുവന്ന് ഒഴിക്കും. മറ്റേയാള്‍ പിന്നേം വെയ്റ്റ് ചെയ്യുന്നു. വീണ്ടു അത് തിളക്കുമെന്ന് തോന്നുമ്പൊ അങ്ങേരു പിന്നേം ഒരു കപ്പ് വെള്ളം ഒഴിക്കുന്നു.  ചായകുടിക്കാന്‍ വന്നയാള്‍ കുറച്ച് സമയം വെയ്റ്റ് ചെയ്തിട്ട്  ഇറങ്ങിപ്പൊക്കോളും എന്ന് ചായക്കടക്കാരന്‍ കണക്കുകൂട്ടുന്നു..പക്ഷെ അങ്ങേരു പോകുന്നില്ല. വേറേ ആരും ചായ കുടിക്കാനും വരുന്നില്ല.വീണ്ടും വെള്ളം തിളയ്ക്കാറായി.. ചായക്കടക്കാരന്‍ ഒരു കപ്പ് വെള്ളം കൂടെ അതില്‍ കൊണ്ടന്ന് ഒഴിച്ചു. മറ്റേയാള്‍ പിന്നേം വെയ്റ്റ് ചെയ്യുന്നു. അങ്ങേരു പോകാനുള്ള ഒരു പ്ലാനുമില്ല. ചായക്കടക്കാരന്റെ സൂത്രം അയാള്‍ക്ക് മനസ്സിലായി. പിന്നേം വെള്ളം ഒഴിക്കാന്‍ വന്നപ്പോ ഇങ്ങേരു പറഞ്ഞു “സമോവറു നിറയൂലോ” എന്ന് !!! അത് കഴിഞ്ഞാല്‍ ഇങ്ങേരു എവിടെ വെള്ളം കൊണ്ടോയി ഒഴിക്കും ? അപ്പോ തിളച്ചില്ലാന്ന് പറയാന്‍ പറ്റില്ലല്ലൊ, ചായ കൊടുക്കാതിരിക്കാനു പറ്റില്ല. ഇതുപോലെയുള്ള വയ്യാവേലികള്‍ നിങ്ങളുടെ പരിചയത്തിലും കാണുമായിരിക്കും അല്ലെ ? ഞങ്ങള്‍ എന്തെങ്കിലും കാര്യത്തിനു പോയിട്ട് അത് സാധിക്കാതെ ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് ഞങ്ങളെ തിരിച്ചയയ്ക്കുന്നവരെ കാണുമ്പൊ ഈ ഡയലോഗ് മിയ്ക്കവാറും ഓര്‍മ്മവരും. “സമോവറ് നിറയോലോ”

11/04/2011

കണ്ടതും കേട്ടതും !!!

ഒരു മധുരപ്രതികാരം

ഇത് എന്റെ സഹമുറിയന്‍ പറഞ്ഞ സംഭവകഥയാണ്.ഇപ്പൊ കേള്‍ക്കുമ്പൊ നമുക്ക് രസം തോന്നുമെങ്കിലും ആ സമയങ്ങളില്‍ അവന്‍ അനുഭവിച്ച വിഷമങ്ങള്‍ ഓര്‍ത്തുനോക്കുമ്പോള്‍ ഒരു വിഷമം നമുക്ക് തോന്നാം. കാര്യത്തിലേയ്ക്ക് കടക്കട്ടെ.

എന്റെ റൂം മേറ്റ് ന്റെ സുഹൃത്ത് ആണ് ഇതിലെ മുഖ്യകഥാപാത്രം. നമുക്ക് ഷജീര്‍ എന്നു  വിളിക്കാം. പാലക്കാടിന്റെ പ്രാന്തപ്രദേശമായ ഒരു ഗ്രാമത്തില്‍ ജീവിച്ചുവന്നിരുന്ന ഷജീര്‍ ഒരു പത്താം തരമൊക്കെ വരെ സ്കൂളില്‍ പോയിട്ടുണ്ട്, അതുകൊണ്ടുതന്നെ കളക്റ്ററുപണിയ്ക്കൊന്നും ശ്രമിക്കാതെ ഓരോരോ സീസണനുസരിച്ചുള്ള ജോലികള്‍ക്കൊക്കെ പോയിതുടങ്ങി. മത്സ്യബന്ധനം (ചൂണ്ടയിടല്‍), കൂട്ടിക്കൊടുപ്പ് (മണലും സിമെന്റും) തുടങ്ങിയവയും പിന്നെ ചില ഉന്നതോദ്യോഗങ്ങളും (തെങ്ങു, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളില്‍ കയറുക) ഇദ്ദേഹം ആദ്യകാലത്ത് ചെയ്തിരുന്നു.  പിന്നെ ഒരു ഡ്രൈവറായി ജോലി ചെയ്തോണ്ടിരുന്ന സമയത്താണ് ഗള്‍ഫിലുള്ള സുഹൃത്ത് റസാഖ് ലീവിനു നാട്ടില്‍ വന്നത്. ഇവരു ഒരേനാട്ടുകാരാണ്. ഷജീറിനെയും ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാമെന്ന് റസാഖ് പറഞ്ഞു.. അങ്ങനെ റസാഖിന്റെ നിര്‍ദ്ദേശപ്രകാ‍രം ഷജീര്‍ പാസ്പോര്‍ട്ടൊക്കെ സംഘടിപ്പിച്ച് ഗള്‍ഫിലേയ്ക്ക് പോകാന്‍ തയ്യാറായി. റസാഖ് ഖത്തറില്‍ വന്നിട്ട് വിസ അയച്ചുകൊടുത്തു. റസാഖിനു പരിചയമുള്ള ഒരു അറബിയാണ് ഷജീറിന്റെ സ്പോണ്‍സര്‍. ഷജീറിനു അറബിയുടെ വീട്ടിലായിരുന്നു ജോലി. സ്പോണ്‍സറുടെ മൂന്നാമത്തെ ബീവിയുടെ ഡ്രൈവറായിട്ടായിരുന്നു അപ്പന്റോയിന്റ്മെന്റ് കിട്ടീത്. പിന്നെ കുറച്ചൊക്കെ മറ്റുജോലികളായ ഡ്രെസ്സ് അയേണിംഗ് , മാര്‍ക്കറ്റില്‍ പോക്ക് ഇതൊക്കെയും ഉണ്ടായിരുന്നു. പക്ഷെ എന്തുജോലിചെയ്താലും കുറ്റം പറയാനേ ബീവിയ്ക്ക് നേരമുണ്ടായിരുന്നുള്ളു. ഷെജീറിനു ആകെ വിഷമമായി. റസാഖിനെ പിന്നെ കണ്ടതുമില്ല. അതുകൊണ്ട് സ്പോണ്‍സര്‍ തന്നെ ശരണം എന്നുവിചാരിച്ച് മണിപ്രവാളവും അംഗവിക്ഷേപങ്ങളും കൊണ്ട് കാര്യം അദ്ദേഹത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ചു. കാരുണ്യവാനായ അദ്ദേഹം പറഞ്ഞു “എന്നാ നീ നാളെ മുതല്‍ എന്റെ കൂടെ പോരെന്ന്”.  പുള്ളിയ്ക്ക് മീന്‍പിടിക്കാന്‍ പോണ പരിപാടിയൊക്കെയുണ്ട്. രണ്ട് ദിവസം കഴിഞ്ഞപ്പൊ അറബി പറഞ്ഞു നമുക്ക് കടലില്‍ പോവാമെന്ന്. ഷജീര്‍ സന്തോഷത്തോടുകൂടെ യാത്രയായി. ഒരു ഫൈബര്‍ ബോട്ട്. ഷജീറിനോട് കയറാന്‍ പറഞ്ഞു. അവന്‍ കേറിയ ഉടനെ ബോട്ട് പാഞ്ഞു. ഷെജീറിന്റെ വാക്കുകളില്‍ പറയുവാണെങ്കില്‍ “തുമ്പി പായണപോലെയാണ് മോനേ പായണത്”. ഇവനു ശരിയ്ക്കൊന്ന് പിടിച്ചിരിക്കാനുള്ള ഒരു സാധനം പോലും അതിലില്ലായിരുന്നു. എങ്ങനെയൊക്കെയോ അതിലിരുന്നു. അറബി പറയുന്നത് ഇവനു മനസ്സിലാകുന്നും ഇല്ല. ഇനി തിരിച്ച് കരയിലേയ്ക്ക് വരുമോ അതൊ അവനെ കടലില്‍ കളയുമൊ എന്ന ഒരു പാട് സംശയങ്ങളും പേടിയുമൊക്കെയായി ഷജീര്‍ അതിലിരുന്നു കരഞ്ഞു. വല്ലതും പറയാമെന്ന് വച്ചാല്‍ അവനു അറബിയെ മനസ്സിലാക്കിക്കാനും പറ്റുന്നില്ല. അറബിയുടെ ഉള്ളിലിരുപ്പെന്താന്ന് അവനും അറിയില്ല.  നല്ല സ്പീഡില്‍ ബോട്ട് പോയിക്കൊണ്ടിരുന്നു.അറബി അവനെ വഴക്കൊന്നും പറയുന്നില്ല, കടലില്‍ തള്ളിയിടാനുള്ള ലക്ഷണവും കാണുന്നില്ല. അപ്പൊ  അവനു കുറേച്ചെ ധൈര്യം വന്നു തുടങ്ങി. നാലു ദിവസത്തെ ജലവാസത്തിനുശേഷം ബോട്ട് കരയ്ക്കടുത്തു. ജീവന്‍ കയ്യില്‍ക്കിട്ടിയ സന്തോഷത്തില്‍ അവന്‍ കരയിലേയ്ക്ക് തന്റെ വലതുകാലെടുത്ത് വച്ചു. പിന്നെ അടുത്ത കാലും കൂടെ എടുത്തുവച്ചു. എന്നിട്ട് കലാഭവന്‍ മണിയുടെ ആദ്യകാലസിനിമയില്‍ ജയറാമിന്റെ പിറകേ മണി നടക്കുന്നപോലെ അറബിയുടെ പിറകേ വീട്ടിലേയ്ക്ക് പോയി. മിയ്ക്കവാറും ആഴ്ചകളില്‍ അവര്‍ ഇതുപോലെ കടയില്‍ പോകും. മൂന്നുനാലുദിവസങ്ങള്‍ കഴിയുമ്പൊ തിരികെ വരും. അവനിപ്പൊ അതില്‍ എക്സ്പര്‍ട്ടായി. ബോട്ടോടിക്കാനും പഠിച്ചു. അറബി ഇല്ലാതെയും അവന്‍ കടലില്‍ പോകാന്‍ തുടങ്ങി. കിട്ടുന്ന മീന്‍ അറബിയുടെ ആവശ്യത്തിനെടുത്തതിനു ശേഷം മാര്‍ക്കറ്റില്‍ വില്‍ക്കാനും അവനെ ഏല്പിച്ചു. കഷ്ടപ്പാടൊക്കെ മാറി, അത്യാവശ്യം കാശും സമ്പാദിക്കാന്‍ അവനു കഴിഞ്ഞു.

അങ്ങനെ കുറച്ചുനാളുകള്‍ കഴിഞ്ഞപ്പൊ ദേ വന്നടാ.... ആരാ...മറ്റാരുമല്ല, നമ്മുടെ റസാഖ്. റസാഖിനെ കാണാന്‍ വേണ്ടിനടക്കുവായിരുന്നല്ലൊ അവന്‍. ഈ കുഴീക്കൊണ്ടേ ചാടിച്ചിട്ട് മുങ്ങിനടക്കുന്നപോലെയല്ലെ അവന്‍ നടന്നേച്ചത്. കണ്ടസ്ഥിതിയ്ക്ക് വിശേഷങ്ങളൊക്കെ പറഞ്ഞിട്ട് പോകാമെന്ന് കരുതി ഷജീര്‍, റസാഖിന്റെ അടുത്തുചെന്നു. അവന്‍ മെച്ചപ്പെട്ടു എന്നറിഞ്ഞപ്പൊ റസാഖിനും സന്തോഷമായി. രണ്ടുപേര്‍ക്കും പ്രത്യേകിച്ച് തിരക്കൊന്നൂല്ലാതിരുന്ന ദിവസമായതുകൊണ്ട് ഒരുമിച്ച് അല്പനേരം ചെലവഴിക്കാന്‍ തീരുമാനിച്ചു. ഷജീര്‍ കടലില്‍ പോകുന്ന ബോട്ട് അവന്‍ കാണിച്ചുകൊടുത്തു.  അതില്‍ അല്പനേരം കടലിലൂടേ ഒരു യാത്ര ആയാലോ എന്ന ആലോചന വന്നു. ആ തീരുമാനത്തിന്റെ പുറത്ത് ഷജീര്‍ ബോട്ട് സ്റ്റാര്‍ട്ട് ചെയ്തു. റസാഖ് കയറിയ ഉടനേ ബോട്ട് നൂറേനൂറില്‍ പാഞ്ഞു.അതോ അമ്പതേ അമ്പതിലോ.. റസാഖിനു അതില്‍ പിടിച്ചിരിക്കാനൊന്നും പറ്റുന്നില്ല.ഷജീര്‍നേയും കൊണ്ട് അന്ന് അറബി പോയ അതേ സ്പീഡില്‍ തന്നെയായിരുന്നു റസാഖിനെയും കൊണ്ടൂപോയത്. എടാ.. ഒന്നു പതുക്കെ പോ... ഇത് മറിയും..ഞാന്‍ കടലില്‍ മുങ്ങിച്ചാകും എന്നൊക്കെ റസാഖ് അലറുന്നുണ്ടായിരുന്നു. ഷജീര്‍ ഇതൊന്നും കേട്ടഭാവം പോലും കാണിച്ചില്ല.ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പൊ അവന്‍ വേഗം കുറച്ചു. റസാഖ് അവനോട് കൊറേ ദേഷ്യപ്പെട്ടു. ഷജീര്‍ മറുത്തൊന്നും പറയാതെ ബോട്ട് കരയിലേയ്ക്ക് തിരിച്ചു. അതില്‍ നിന്ന് ഇറങ്ങിനടന്നപ്പോള്‍ ഷജീര്‍ ചോദിച്ചു... “നീ പേടിച്ചുപോയല്ലെ” ? നിന്റെ ഉറ്റസുഹൃത്തായ ഞാന്‍ ഉണ്ടായിരുന്നിട്ടുപോലും നീ പേടിച്ചു. ഞാന്‍ നിന്നെ ചതിയ്ക്കില്ലാന്ന് നിനക്കറിയുകയും ചെയ്യാം. എന്നിട്ടും നീ എന്നെ സംശയിച്ചു. ഇത്രയും പറഞ്ഞിട്ട് ഷജീറിന് ആദ്യദിവസം അറബിയുടെ കൂടെ മീന്‍പിടിക്കാന്‍ പോയപ്പൊഴുണ്ടായ അനുഭവം പറഞ്ഞു.. ഞാന്‍ പറയുന്നതൊന്നും മനസ്സിലാകാത്ത തികച്ചും അന്യനായ ഒരു മനുഷ്യന്റെ കൂടെ എങ്ങോട്ടെന്നില്ലാതെ കടലില്‍ കഴിഞ്ഞപ്പൊ എന്റെ മനസ്സ് എന്തായിരിക്കുമെന്ന് നിനക്ക് ഊഹിക്കാമോ ? നമുക്ക് പക്ഷെ ഒരേ ഭാഷയാണു. നീ പറയുന്നതെന്തെന്നെനിയ്ക്ക് മനസ്സിലാവുകയും ചെയ്യാം. നിന്റെ വിഷമവും എനിയ്ക്ക് മനസ്സിലാവും. എങ്കിലും അന്ന് ഞാന്‍ തീരുമാനിച്ചതാ നിന്നെയും ഈ രീതിയില്‍ ഒരു ദിവസം കൊണ്ടുപോകണമെന്ന്.  എന്റെ മാനസികാവസ്ഥ ഒന്ന് മനസ്സിലാക്കിക്കണമെന്ന്. ഒരു ചെറിയ പ്രതികാരം എന്നു പറഞ്ഞ് ഷജീര്‍ പൊട്ടിച്ചിരിച്ചു. റസാഖും അവന്റെ കൂടെ ചിരിയില്‍ പങ്കുചേര്‍ന്നു. രണ്ടുപേരും കൊറേ നേരം കൂടെ തമാശകളൊക്കെ പറഞ്ഞു പിരിഞ്ഞു.

ഇതി വാര്‍ത്താഹ !